വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വേടന്റെ പരിപാടി ഇന്ന് ഇടുക്കിയില്‍
ഇടുക്കി: വിവാദങ്ങള്‍ക്കിടെ റാപ്പര്‍ വേടന് ഇടുക്കിയിലെ സര്‍ക്കാര്‍ പരിപാടിയില്‍ ഇന്ന് പാടും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ച് വാഴത്തോപ്പില്‍ നടക്കുന്ന "എന്റെ കേരളം" പ്രദര്‍ശന വിപണന മേളയിലാണ് വേടന്റെ സംഗീത പരിപാടി. ഇന്ന് രാത്രി 7.30ന് വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തിലാണ്പരിപാടി. കേസില്‍ ഉള്‍പ്പെട്ട ശേഷം വേടന് നടത്തുന്ന ആദ്യ സ്റ്റേജ് ഷോയാണിത്. സ്ഥലപരിമിതിയുടെ ഭാഗമായി 8000 പേര്‍ക്കെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. 200 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പേര് എത്തുന്ന സാഹചര്യമുണ്ടായാല്‍ റോഡുകള്‍ അടയ്ക്കാനും,തിരക്ക് അനിയന്ത്രിതമായാല്‍ പരിപാടി റദ്ദാക്കുമെന്നും പൊലീസ് വ്യക്തമാക്കി. മുമ്പ് 29ന് വേടന് റാപ്പ് അവതരിപ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ 28ന് കഞ്ചാവ് കേസില്‍ അറസ്റ്റിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു. പിന്നാലെ പുലിപ്പല്ല് കേസിലും വേടന് പിടിയിലായി. വേടനെ ലക്ഷ്യംവച്ച് നടപടികള്‍ തുടരുകയാണെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇന്നത്തെ പരിപാടിയില്‍ വലിയ തോതില്‍ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായി പൊലീസ് വിലയിരുത്തുന്നു.